Movies
ഐഎംഡിബി പുറത്തുവിട്ട സിനിമതാരങ്ങളുടെ ഈ വർഷത്തെ ജനപ്രിയ പട്ടികയിൽ ഇടംപിടിച്ച് പൃഥ്വിരാജും കല്യാണി പ്രിയദർശനും. ജനപ്രിയ സംവിധായകരുടെ പട്ടികയിലാണ് പൃഥ്വി ഇടംനേടിയത്.
വർഷാന്ത്യത്തോടനുബന്ധിച്ച് ഐഎംഡിബി തയാറാക്കുന്നതാണ് ഈ പട്ടിക.
ജനപ്രിയ സംവിധായകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഇടം പിടിച്ചപ്പോൾ ജനപ്രിയ താരങ്ങളുടെ പട്ടികയിൽ നടി കല്യാണി പ്രിയദർശൻ ഏഴാം സ്ഥാനത്തെത്തി.
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത എൽ2: എമ്പുരാൻ ഒരുക്കിയ സംവിധായകനായാണ് പൃഥ്വിരാജ് സുകുമാരൻ ഐഎംഡിബി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്.
പുതുമുഖ സംവിധായകരിൽ ലോകഃ ചാപ്റ്റർ വൺ- ചന്ദ്ര ഒരുക്കിയ ഡൊമിനിക് അരുൺ എട്ടാം സ്ഥാനത്തുമുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ട മൂന്ന് തെന്നിന്ത്യൻ സിനിമകളിൽ രണ്ടെണ്ണവും മലയാള ചിത്രങ്ങളാണെന്നത് നേട്ടമാണ്.
റൊമാന്റിക് കോമഡി ഡ്രാമയായ സയ്യാരയുടെ സംവിധായകൻ മോഹിത് സൂരിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ദ് ബാഡ്സ് ഓഫ് ബോളിവുഡ് സംവിധായകനും ഷാരുഖ് ഖാന്റെ മകനുമായ ആര്യൻ ഖാൻ രണ്ടാം സ്ഥാനത്തും വിജയ് ചിത്രം കൂലിയുടെ സംവിധായകൻ ലോകേഷ് കനകരാജ് മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. അനുരാഗ് കശ്യപ്, ആർ.കെ. പ്രസന്ന, അനുരാഗ് ബസു, ലക്ഷ്മൺ ഉത്തേക്കർ, നീരജ് ഗെയ്വാൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് സംവിധായകർ.
Movies
ലോകയുടെ വിജയത്തിന്റെ സന്തോഷത്തിൽ ഛായാഗ്രാഹകൻ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദർശൻ.
ഒമേഗയുടെ സ്പീഡ്മാസ്റ്റർ സീരീസിലുള്ള വാച്ചാണ് കല്യാണി സമ്മാനിച്ചത്. ഏകദേശം 9.8 ലക്ഷം രൂപയാണ് വാച്ചിന്റെ വില. കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഓർമപ്പെടുത്തുന്നതാണ് സമ്മാനമെന്ന് നിമിഷ് രവി കുറിച്ചു.
നിമിഷ് രവിയുടെ വാക്കുകൾ
‘പ്രിയ കല്യാണി, ഈ സമ്മാനം നിങ്ങളുടെ മഹത്തായ മനസിന്റെ തെളിവാണ്. വളരെയധികം നന്ദി. ഈ നിറം നേരിട്ട് എന്നെ ലോകയുമായും ചന്ദ്രയുമായും ബന്ധിപ്പിക്കുന്നു. എല്ലാത്തിനുമുപരി, തുടർച്ചയായ കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്കാണ് നയിക്കുന്നതെന്ന് ഇതെന്നെ ഓർമപ്പെടുത്തും.
ഈ സിനിമയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളും അക്കാര്യം എന്നും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും. അതിനാൽ ഈ സമ്മാനം ആ കഠിനാധ്വാനത്തിന് ഉള്ളതാണ്. ഒരുപാട് സ്നേഹം കല്യാണി. നിമിഷ് കുറിച്ചു.
വാച്ച് കെട്ടി നിൽക്കുന്ന കൈയും പശ്ചാത്തലത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന കല്യാണി പ്രിയദർശന്റെയും ഫോട്ടോ ഉൾപ്പെടുത്തിയാണ് നിമിഷിന്റെ പോസ്റ്റ്. ‘നിങ്ങൾ മികച്ചതിനേക്കാൾ മികച്ചത്’ എന്നായിരുന്നു പോസ്റ്റിന് കല്യാണിയുടെ കമന്റ്.
മുൻപ് ലക്കി ഭാസ്കറിന്റെ വിജയത്തിൽ ദുൽഖർ സൽമാനും നിമിഷിന് ആഡംബര വാച്ച് സമ്മാനിച്ചിരുന്നു.
Movies
‘മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ കോമഡി രംഗം പുനരവതരിപ്പിച്ച് ഓടും കുതിര ചാടും കുതിര ടീം. ചിത്രത്തിലെ നർമത്തിലൊന്നായ അഭിനയ പരിശീലനത്തിന്റെ രംഗമാണ് ഇവർ റി-ക്രിയേറ്റ് ചെയ്തത്.
കല്യാണി, ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, അൽത്താഫ് സലിം, അനുരാജ് എന്നിവരെ വീഡിയോയിൽ കാണാം. ‘മൂക്കില്ലാ രാജ്യത്ത്’ സിനിമയിലെ യഥാർഥ രംഗവും വീഡിയോയിൽ ചേർത്തിട്ടുണ്ട്.
Movies
ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രമായ ലോക ചാപ്റ്റർ വൺ: ചന്ദ്രയുടെ ട്രെയിലർ റിലീസ് ചെയ്തു. നസ്ലിൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ലോക ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കുന്നത്. വലിയ ബജറ്റിൽ എടുക്കുന്ന സിനിമ ഡൊമിനിക് അരുൺ ആണ് എഴുതി സംവിധാനം ചെയ്യുന്നത്.
“ലോക” എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ എത്തുന്നത്.